പണം ജീവിതത്തിന്റെ അനിവാര്യ ഘടകമാണ്. എന്നാൽ, പണത്തോടുള്ള അമിതമായ ആസക്തിയും, അത് എളുപ്പവഴിയിൽ നേടാനുള്ള ആഗ്രഹവും, അധ്വാനിക്കാനുള്ള മടിയും ഒരു വ്യക്തിയെയും സമൂഹത്തെയും യുവതലമുറയെയും എങ്ങനെ നശിപ്പിക്കുന്നുവെന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ്. ഈ പ്രവണതകൾ വ്യക്തിത്വത്തെ, ധാർമിക മൂല്യങ്ങളെ, സാമൂഹിക ബന്ധങ്ങളെ, ആത്യന്തികമായി ഒരു സമൂഹത്തിന്റെ തന്നെ അടിത്തറയെ തകർക്കുന്നു.
പണത്തോടുള്ള അത്യാഗ്രഹം ഒരു വ്യക്തിയുടെ മനസ്സിനെ വിഷലിപ്തമാക്കുന്നു, എല്ലാ തീരുമാനങ്ങളും പണം എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി മാത്രമായി ചുരുങ്ങുമ്പോൾ, മനുഷ്യത്വം, സത്യസന്ധത, കരുണ എന്നിവയ്ക്ക് പ്രാധാന്യം നഷ്ടപ്പെടുന്നു, എളുപ്പത്തിൽ പണം നേടാനുള്ള ആഗ്രഹം ആളുകളെ തെറ്റായ വഴികളിലേക്ക് നയിക്കുന്നു ചതി, കള്ളത്തരം, അഴിമതി എന്നിവ സാധാരണമാകുന്നു. അധ്വാനിക്കാനുള്ള മടി ഒരാളുടെ ആത്മവിശ്വാസത്തെയും കഴിവുകളെയും നശിപ്പിക്കുന്നു, കഠിനാധ്വാനം ചെയ്യാതെ എന്തെങ്കിലും നേടാമെന്ന ചിന്ത ഒരു വ്യക്തിയെ ഉൽപ്പാദനക്ഷമതയില്ലാത്തവനും ആത്മനിന്ദയിൽ മുഴുകുന്നവനുമാക്കുന്നു.
യുവാക്കളാണ് ഒരു രാഷ്ട്രത്തിന്റെ ഭാവി, എന്നാൽ, എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന തെറ്റിദ്ധാരണ അവരെ കഠിനാധ്വാനത്തിൽ നിന്ന് അകറ്റുന്നു, സോഷ്യൽ മീഡിയയിലെ ‘ഗെറ്റ്-റിച്ച്-ക്വിക്ക’ സ്കീമുകളും, ഹവാല പോലുള്ള സമൂഹത്തെ നശിപ്പിക്കുന്ന സമ്പാദ്യ ജീവിതശൈലി പ്രദർശനങ്ങളും യുവാക്കളെ തെറ്റായ മാതൃകകളിലേക്ക് ആകർഷിക്കുന്നു. പഠനം, കഴിവ് വികസനം, ദീർഘകാല ലക്ഷ്യങ്ങൾ എന്നിവയ്ക്ക് പകരം, വേഗത്തിൽ ധനികനാകാനുള്ള വഴികൾ അന്വേഷിക്കുന്ന ഒരു തലമുറ വളർന്നുവരുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും, നിരാശയും ഉത്കണ്ഠയും വർധിപ്പിക്കുകയും ചെയ്യുന്നു.
പണത്തോടുള്ള അത്യാഗ്രഹം മനുഷ്യബന്ധങ്ങളെ തകർക്കുന്നു. കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരുമായുള്ള ബന്ധങ്ങൾ പലപ്പോഴും പണം എന്ന ലക്ഷ്യത്തിനു വേണ്ടി ത്യജിക്കപ്പെടുന്നു. വിശ്വാസം, സ്നേഹം, പരസ്പര ബഹുമാനം എന്നിവയ്ക്ക് പകരം, ലാഭം മാത്രം ലക്ഷ്യമാകുന്നു. അധ്വാനിക്കാനുള്ള മടി കാരണം, പലരും മറ്റുള്ളവരെ ചൂഷണം ചെയ്യാനോ അവരുടെ വിശ്വാസം ദുരുപയോഗം ചെയ്യാനോ ശ്രമിക്കുന്നു, മറ്റു ചിലർ മയക്ക് മരുന്ന് വ്യാപാരത്തിന്റെ കണ്ണികളാവുന്നു, ഇത് സമൂഹത്തിൽ അവിശ്വാസത്തിന്റെയും, വിദ്വേഷത്തിന്റെയും, തിന്മയുടെയും വിത്തുകൾ പാകുന്നു.
ഒരു സമൂഹത്തിന്റെ പുരോഗതി അതിലെ വ്യക്തികളുടെ മൂല്യങ്ങളെയും അധ്വാനശീലത്തെയും ആശ്രയിച്ചിരിക്കുന്നു. പണത്തിന്റെ പിന്നാലെ മാത്രം ഓടുന്ന ഒരു സമൂഹം ധാർമികതയും നീതിയും ഉപേക്ഷിക്കുന്നു. അഴിമതി, കുറ്റകൃത്യങ്ങൾ, അസമത്വം എന്നിവ വർധിക്കുന്നു. അധ്വാനമടിയുള്ള ഒരു തലമുറ സമൂഹത്തിന്റെ ഉൽപ്പാദനക്ഷമതയെ തളർത്തുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് സാമ്പത്തിക സ്ഥിരതയ്ക്കും സാമൂഹിക ഐക്യത്തിനും ഭീഷണിയാകുന്നു.
ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, വ്യക്തികളും സമൂഹവും ചില മാറ്റങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. കഠിനാധ്വാനത്തിന്റെ മൂല്യം യുവാക്കളെ പഠിപ്പിക്കണം. പണം ഒരു ഉപകരണം മാത്രമാണെന്നും, ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം സന്തോഷവും ധാർമികതയും ആണെന്നും മനസ്സിലാക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സമ്പ്രദായം ധാർമിക മൂല്യങ്ങളും കഴിവ് വികസനവും പ്രോത്സാഹിപ്പിക്കണം. മാതാപിതാക്കളും സമൂഹവും യുവാക്കൾക്ക് ശരിയായ മാതൃകകൾ നൽകണം.
പണത്തോടുള്ള അത്യാഗ്രഹവും അധ്വാനിക്കാനുള്ള മടിയും ഒരു വ്യക്തിയെയും സമൂഹത്തെയും ആഴത്തിൽ ബാധിക്കുന്ന വിഷയങ്ങളാണ്. ഈ പ്രവണതകൾ വ്യക്തിത്വത്തെ ശോഷിപ്പിക്കുകയും, യുവതലമുറയെ തെറ്റായ വഴികളിലേക്ക് നയിക്കുകയും, സാമൂഹിക ബന്ധങ്ങളെ തകർക്കുകയും, ആത്യന്തികമായി ഒരു സമൂഹത്തിന്റെ നിലനിൽപ്പിനെ തന്നെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഇതിനെതിരെ ശക്തമായ ബോധവൽക്കരണവും മൂല്യാധിഷ്ഠിതമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. കഠിനാധ്വാനവും ധാർമികതയും ഉയർത്തിപ്പിടിക്കുന്ന ഒരു തലമുറ മാത്രമാണ് ഒരു സമൂഹത്തിന്റെ യഥാർത്ഥ സമ്പത്ത്, ഇതൊക്കെയാവണം മഹല്ലുകളും, സങ്കടനകളും, ക്ലബുകളും സമൂഹത്തിൽ വരുത്തേണ്ട മാറ്റങ്ങൾ.
അബ്ദുൽ ലത്തീഫ് എം
No comments:
Post a Comment